കണ്ണൂര്‍:
എല്‍ നിനോയും ലാ നിനയും എന്ന രണ്ട് പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങളുണ്ട്. സാധാരണയായി ലാ നിന രൂപപ്പെടുമ്പോള്‍ നമ്മുടെ പ്രദേശങ്ങളില്‍ മഴയുടെ അളവ് വര്‍ധിക്കുന്നതായും, എല്‍ നിനോ വരുമ്പോള്‍ മഴ കുറയുന്നതായും കാണപ്പെടുന്നു. ഇത്തവണ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത് സൂപ്പര്‍ എല്‍ നിനോയുടെ സാധ്യതയാണ്. ഇത്തരത്തിലുള്ള ശക്തമായ എല്‍ നിനോ പ്രതിഭാസങ്ങള്‍ വളരെ അപൂര്‍വമായാണ് സംഭവിക്കുന്നത്.
സൂപ്പര്‍ എല്‍ നിനോ ഉണ്ടാകുമ്പോള്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഴ അസാധാരണമായി വര്‍ധിക്കുകയും മറ്റുചില ഭാഗങ്ങളില്‍ മഴ ഗണ്യമായി കുറയുകയും ചെയ്യും. സാധാരണയായി നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ പോലും മഴക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കാലാവസ്ഥാ അതിരൂക്ഷതകള്‍ (Climate Extremes) ആഗോളതാപനത്തിന്റെ ആഘാതങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതാണ്.
ലോകം ഇപ്പോള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് താപവര്‍ധനവിന്റെ നിര്‍ണായക പരിധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതും ദൂരവ്യാപകവുമാണ്. എന്നാല്‍ പലപ്പോഴും നമുക്ക് ശുദ്ധവായുവും വെള്ളവും ലഭിക്കുന്നതിനാല്‍ ഈ മാറ്റങ്ങളുടെ ഗൗരവം പൂര്‍ണമായി അനുഭവപ്പെടുന്നില്ല.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. വ്യക്തികളായും സ്ഥാപനങ്ങളായും നമുക്ക് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് ഞാന്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ക്ലൈമറ്റ് ഫിനാന്‍സ്, പരിസ്ഥിതി സൗഹൃദ നിക്ഷേപങ്ങള്‍, ഹരിത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്.
അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നത്. ഇന്ന് കണ്ണൂര്‍ നഗരത്തില്‍ പോലും നോക്കിയാല്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത കാണാം. ഈ സ്ഥിതി മാറ്റാന്‍ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും മാത്രം ശ്രമം മതിയാകില്ല. പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. പരിസ്ഥിതി സംരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും അതിനായി ഓരോരുത്തരും തങ്ങളുടെ പങ്ക് നിര്‍വഹിക്കണമെന്നും പരിസ്ഥിതി നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമായി സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന 'തണല്‍' വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് അങ്കണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി.വിഷ്ണു രാജ് ഐ.എ.എസ് നിര്‍വ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കണ്ണൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ രാജീവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ വൃക്ഷതൈ വിതരണം ചെയ്തു, കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ അഡ്വ. മനോജ് കുമാര്‍ വൃക്ഷതൈ ഏറ്റുവാങ്ങി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) കണ്ണുര്‍ പി നിഷ, കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹ. ബാങ്ക് പ്രസിഡണ്ട് പി കെ അന്‍വര്‍, കണ്ണൂര്‍ ്‌സര്‍വീസ് സഹ. ബാങ്ക് പ്രസിഡണ്ട് സി എ അജീര്‍, എടക്കാട് അഗ്രി. ഇംപ്രൂവ്‌മെന്റ് സഹ. സംഘം പ്രസിഡണ്ട് വെള്ളോറ രാജന്‍, ഭാരതി മോട്ടോര്‍ തൊഴിലാളി ക്ഷേമ സഹ. സംഘം പ്രസിഡണ്ട് കെ പി രാജന്‍, കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ എം പി മുഹമ്മദ് അലി, കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ടി മുകുന്ദന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്ണുര്‍ പി വി വല്‍സരാജ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍(ഭരണം) കണ്ണൂര്‍ എം കെ സൈബുന്നീസ നന്ദിയും രേഖപ്പെടുത്തി.
സഹകരണ മേഖലയിലെ പ്രമുഖര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.